ജമ്മു കശ്മീരിൽ ബാരാമുല്ല ജില്ലയിലെ സോപോർ നഗരത്തിലെ സിആർപിഎഫ് ക്യാമ്പിന് നേരെ ബുർഖ ധരിച്ചെത്തി യുവതി ബോംബെറിഞ്ഞു. ക്യാമ്പിന് മുന്നിലെ റോഡിലൂടെ നടന്നുവന്ന യുവതി റോഡിന് മധ്യേ നിലയുറപ്പിക്കുകയും കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും ബോംബെടുത്ത് ക്യാമ്പിനുള്ളിലേക്ക് എറിയുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. തുടർന്ന് ഇവർ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. ബോംബ് ക്യാമ്പിന് പുറത്താണ് വീണതെന്നും ആളപായമോ മറ്റേതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ബോംബെറിഞ്ഞ യുവതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. റോഡിൽ ആൾത്തിരക്കുള്ളപ്പോൾ തന്നെയായിരുന്നു ബോംബേറുണ്ടായത്.