ഭർതൃപീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട യുവതി തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.
“ദേഷ്യം വന്നാൽ അടിക്കും, മിനിഞ്ഞാന്ന് എന്‍റെ മുഖത്ത് ചവിട്ടി”
ക്രൂരമായ മർദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളുണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭർത്താവ് കിരൺ പറഞ്ഞെന്നും അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റിൽ വിസ്മയ ബന്ധുക്കളോട് പറയുന്നു.