നെടുങ്കണ്ടം∙ തൂക്കുപാലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശേരിൽ ഹരിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറായ ഹരി രാവിലെ കുട്ടികളെ സ്കൂളിൽ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോൾ ബാലഗ്രാം സ്വദേശിയായ കടുക്കൻ സന്തോഷ് എന്ന വിളിക്കുന്ന സന്തോഷ് ഓട്ടോ തടയുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകയും ചെയ്തു. ഇതിനിടയിൽ സന്തോഷ് കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയ്ക്ക് മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാർ ചേർന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ സന്തോഷ് കാറിൽ കയറി രക്ഷപ്പെട്ടു. സന്തോഷ് ക്രിമിനൽ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണിൽ വച്ച് ഏറ്റുമുട്ടിയിരുന്നു. നെടുങ്കണ്ടം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.