തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ റഹീം രാജ്യസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയാകും. സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായതിന് പിന്നാലെയാണ് സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സി.പി.ഐയും സി.പി.എമ്മും ഓരോ രാജ്യസഭ സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു ധാരണ
നിലവിൽ നിയമസഭയിലുള്ള അംഗസംഖ്യ അനുസരിച്ച് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാണ് ഇടതുമുന്നണിക്ക് സാധിക്കുക. കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണ് സി.പി.ഐയുടെ രാജ്യസഭ സ്ഥാനാർഥി. യോഗത്തിൽ സീറ്റ് സി.പി.ഐക്ക് നൽകണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചിരുന്നു.
നേരത്തെ എൽ.ഡി.എഫിലെ മറ്റ് കക്ഷികളും രാജ്യസഭ സീറ്റിനായി രംഗത്തുണ്ടായിരുന്നു. എൽ.ജെ.ഡി, ജനതാദൾ (എസ്), എൻ.സി.പി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. എൽ.ജെ.ഡി നേതാവ് വീരേന്ദ്രകുമാർ എൽ.ഡി.എഫിലേക്ക് വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകനായ ശ്രേയാംസ് കുമാറിന് കൈമാറുകയായിരുന്നു. എന്നാൽ, ഒരു എം.എൽ.എ മാത്രമുള്ള എൽ.ജെ.ഡിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് നിലപാടിലേക്ക് സി.പി.എം എത്തുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള മാണിക്കൽ പഞ്ചായത്തിലെ തൈക്കാടാണ് എ.എ റഹീമിന്റെ ജനനം. വിമുക്ത ഭടനായ എം.അബ്ദുൾ സമദും എ.നബീസാ ബീവിയുമാണ് മാതാപിതാക്കൾ. പിരപ്പൻകോട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം. പിരപ്പൻകോട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കി. കൊല്ലം ജില്ലയിലെ നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള സർവ്വകലാശാലയിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഗവേഷണം തുടരുന്നു. ‘അച്ചടിമാധ്യമങ്ങളും കേരളത്തിലെ മുസ്ലീ നവോത്ഥാന പ്രസ്ഥാനങ്ങളും’ എന്നതാണ് ഗവേഷണ വിഷയം.
തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമ. ചെറിയൊരു കാലം മാധ്യമപ്രവർത്തകനായി കൈരളി ടിവിയിൽ പ്രവർത്തിച്ചു. കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ, കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല നിയമസഭാ നിയോജക മണ്ഡലത്തിൽനിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. യുവധാര മാസികയുടെ എഡിറ്ററായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി,എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.