ന്യൂഡൽഹി: കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
ഈ സമ്മേളനത്തിൽ പാസാക്കിയാലും അടുത്തകൊല്ലം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർദേശങ്ങൾ പ്രാബല്യത്തിലാവുമോ എന്ന് വ്യക്തമല്ല. ചിലപ്പോൾ ബില്ലവതരിപ്പിച്ച് അത് സൂക്ഷ്മപരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനും സാധ്യതയുണ്ട്.
വോട്ടർകാർഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാൾക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. തിരഞ്ഞെടുപ്പുകമ്മിഷൻ നടത്തിയ പൈലറ്റ് പ്രോജക്ട്്് വിജയമാണെന്ന് കണ്ടതിനെത്തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചത്. ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തിൽ ആരേയും നിയമപ്രകാരം നിർബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.
പട്ടികയിൽ പേരുചേർക്കാൻ കൂടുതലവസരങ്ങൾ
: ജനുവരി ഒന്നിന് 18 വയസ്സുതികയുന്നവരെയാണ് ഇപ്പോൾ വോട്ടർപട്ടികയിൽ ചേർക്കുന്നത്. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പട്ടിക പരിഷ്കരണം. നിലവിലെ ചട്ടമനുസരിച്ച്, ജനുവരി ഒന്നിനുശേഷം 18 വയസ്സു പൂർത്തിയാകുന്ന ഒരാൾ അടുത്തകൊല്ലംവരെ കാത്തിരിക്കണം. ഇനി ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികൾകൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്കരിക്കും. ഇതിനിടയിൽ പ്രായപൂർത്തിയാകുന്നവർക്ക്് ഉടൻതന്നെ വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താനാവും. 18 വയസ്സ് തികയുന്നമുറയ്ക്ക് ഏതുസമയത്തും പട്ടിക പരിഷ്കരിക്കണമെന്ന നിർദേശമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യം സർക്കാരിന് നൽകിയത്. എന്നാൽ, കൊല്ലത്തിൽ നാലുപ്രാവശ്യം പട്ടിക പുതുക്കാം എന്ന ബദൽനിർദേശം സർക്കാർ മുന്നോട്ടുവെച്ചു.
സൈനികരുടെ ജീവിതപങ്കാളിക്ക് നാട്ടിൽ പേരു രജിസ്റ്റർ ചെയ്യാം
സൈനികർക്ക് അവരുടെ നാട്ടിലെ വോട്ടർപട്ടികയിൽ പേരു രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ അവസരമുണ്ട്. ഒരു സൈനികനോടൊപ്പം ജോലിസ്ഥലത്ത് അദ്ദേഹത്തിന്റെ ഭാര്യ താമസിക്കുന്നുണ്ടെങ്കിൽ അവർക്കും സ്വന്തം നാട്ടിലെ വോട്ടർപട്ടികയിൽ പേരുചേർക്കാനാവും. സൈനികന്റെ ഭാര്യയ്ക്കുമാത്രമാണ് ചട്ടമനുസരിച്ച് ഇതിനുള്ള അവസരം ലഭിക്കുക. ഒട്ടേറെ വനിതകൾ സൈന്യത്തിന്റെ വിവിധവിഭാഗങ്ങളിൽ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഭർത്താവ് അവരോടൊപ്പം താമസിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിനും നാട്ടിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്നതാണ് മറ്റൊരു ഭേദഗതി. അതിനായി ചട്ടത്തിൽ ഭാര്യയുടെ സ്ഥാനത്ത് ‘ജീവിതപങ്കാളി’ എന്നാക്കും.