
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി യുഐഡിഎഐ. ഇതിനായി ജനന രജിസ്ട്രാറുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൗരഭ് ഗാർഗ് അറിയിച്ചു. ‘ആശുപത്രി വിടുന്നതിനു മുമ്പേ കുഞ്ഞിന്റെ ചിത്രമെടുത്ത ശേഷം ആധാർ കാർഡ് നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് രേഖകൾ എടുക്കില്ല. മാതാപിതാക്കളുമായി ബന്ധിപ്പിച്ചുള്ള ആധാർ നമ്പറാണ് കുട്ടികൾക്ക് നൽകുന്നത്. അഞ്ചു വയസിന് ശേഷം കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും.’ സൗരഭ് ഗാർഗ് വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിൽ 99.7 ശതമാനം പേരും ആധാർ എടുത്തിട്ടുണ്ടെന്നും 131 കോടി ആളുകൾ എൻറോൾ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.