അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമായ സുമതി വളവിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചതെന്ന് അഭിലാഷ് പോസ്റ്റിൽ പറയുന്നു.
വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മെയ് എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ബിഗ്ബജറ്റിൽ നിർമിച്ച സുമതി വളവിൽ അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർത്ഥ് ഭരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ആറ് വർഷത്തെ കാത്തിരിപ്പ്, എട്ട് മാസത്തെ തയാറെടുപ്പ്, 84 ദിവസത്തെ ഷൂട്ടിംഗ്, സുമതി വളവിന്റെ അവസാന ടേക്കിന് വിഷ്ണു കട്ട് പറഞ്ഞപ്പോൾ മനസ്സിൽ കൂടി ആദ്യം മിന്നി മാഞ്ഞ ദൃശ്യം, നമ്മളെയൊക്കെ വെച്ച് ആര് ഇത്രയും പൈസ മുടക്കും ചേട്ടാ എന്ന് സുമതി വളവിന്റെ കഥ കേട്ട് കഴിഞ്ഞ് അർജുൻ എന്നോട് ചോദിച്ച ചോദ്യമാണ്. അന്ന് എനിക്ക് അതിനുത്തരം ഇല്ലായിരുന്നു. എന്നാൽ ഇന്ന് എനിക്ക് അവനോട് പറയാൻ ഉത്തരമുണ്ട്. വലിയ മുതൽ മുടക്കിൽ തന്നെ നമ്മൾ നമ്മുടെ സിനിമ പൂർത്തിയാക്കിയെടായെന്ന്.
നന്ദി പറയാനുള്ളത് ദൈവത്തിനോടും പ്രൊഡ്യൂസർ മുരളി ചേട്ടനോടുമാണ്. കാരണം നിങ്ങൾ രണ്ട് പേരും കൂടെ നിന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഈ സ്വപ്നം സാധിക്കാൻ കഴിഞ്ഞത്. ഇനി പ്രേക്ഷകരോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വമാണ് ഏറ്റവും മികച്ച രീതിയിൽ മെയ് 8-ന് സിനിമ തിയേറ്ററിൽ എത്തിക്കുക എന്നുള്ളത്. അതിനുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം നിന്ന സുമതി വളവ് കുടുംബത്തിലെ ഓരോ അംഗങ്ങളോടും നന്ദി അറിയിക്കുന്നു- അഭിലാഷ് പിള്ള എക്സിൽ കുറിച്ചു.