കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും പറഞ്ഞു പരത്തുന്ന ഒരു കാര്യമാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ. ഇതിൽ പ്രതികരിച്ച് ഒടുവിൽ അഭിഷേക് തന്നെ രംഗത്ത് വന്നെന്ന തരത്തിലുള്ള വീഡിയോ പിന്നാലെ ശ്രദ്ധ നേടിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ വാർത്തയാക്കുകയും ചെയ്തിരുന്നു.
ഐശ്വര്യയുമായുള്ള വേർപിരിയൽ വാർത്തയോട് ‘എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീർത്തും സങ്കടകരമാണ്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം. അതാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളാണല്ലോ. എന്തായാലും ക്ഷമിക്കുക, ഞാൻ ഇപ്പോഴും വിവാഹിതനാണ്,’ എന്ന് പറയുന്ന അഭിഷേക് ബച്ചന്റെ വീഡിയോ ആയിരുന്നു ഇത്. തന്റെ വിവാഹ മോതിരവും അഭിഷേക് ഉയർത്തികാട്ടുന്നതും വീഡിയോയിൽ കാണാം.
എന്നാൽ പ്രചരിക്കുന്ന ഈ വീഡിയോ എട്ട് വർഷം മുമ്പേയുള്ളതാണെന്നാണ് വാസ്തവം. കാര്യം പഴയതാണെന്നറിഞ്ഞതോടെ വീണ്ടും വിവാഹ മോചന വാർത്തകളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നെറ്റിസൺസ്.