
ഒന്നരവർഷത്തിനുള്ളിൽ കേരളത്തിൽ പിടിച്ചത് 11,000ത്തോളം വിഷപ്പാമ്പുകളെ. ഇതിൽ ഉഗ്രവിഷമുള്ളവയും ചെറിയ വിഷമുള്ളവയും പെടുന്നു. ഇവയിൽ 102 എണ്ണം രാജവെമ്പാലയാണ്. അതേസമയം പിടിച്ചവയിൽ കൂടുതലും മൂർഖൻ പാമ്പാണ്. കണ്ണൂരിൽനിന്നാണ് ഏറ്റവും കൂടുതൽ വിഷപാമ്പുകളെ കിട്ടിയത്. 2646 പാമ്പുകളെയാണ് ഇവിടെ നിന്നും പിടികൂടിയത്. 13 ജില്ലകളിൽനിന്നു രാജവെമ്പാലകളെ കിട്ടിയിട്ടുണ്ട്. വനം ഇല്ലാത്ത ആലപ്പുഴ ജില്ലയിൽനിന്ന് രാജവെമ്പാലയെ ലഭിച്ചിട്ടില്ല.
മൂർഖൻ, മലമ്പാമ്പ്, അണലി, വെള്ളിക്കെട്ടൻ എന്നിവയാണ് കൂടുതലായി ജനവാസമേഖലയിൽ കണ്ടുവരുന്നത്. 2021 ജനുവരി മുതൽ 2022 മെയ്‌വരെയുള്ള കണക്കാണിത്. പാമ്പുപിടിത്തത്തിന് പരിശീലനം നൽകുന്ന പദ്ധതി വനംവകുപ്പ് ആവിഷ്‌കരിച്ചശേഷം സർട്ടിഫിക്കറ്റ് നേടിയവർ 1060 പേരാണുള്ളത്. 107 ഇനം പാമ്പുകളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. ചേര ഒഴിച്ചുള്ള പാമ്പുകളെ പിടിച്ച് കാട്ടിൽ വിടുന്നുണ്ട്. പ്രകൃതിസൗഹൃദ പാമ്പ് എന്ന നിലയിലാണ് ചേരയെ ഒഴിവാക്കിയിരിക്കുന്നത്.
വിഷപ്പാമ്പുകളെ കണ്ടാൽ വനംവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള സർപ്പ ആപ്പിലേക്ക് സന്ദേശം അയച്ചാൽ തുടർനടപടികൾ ഉണ്ടാകും. രണ്ടുവർഷമായി കേരളത്തിൽ വനംവകുപ്പ് ആരംഭിച്ച പാമ്പുപിടിത്ത പരിശീലന ക്ലാസുകൾക്ക് നല്ല പ്രതികരണമാണ് ഉള്ളതെന്ന് നോഡൽ ഓഫീസർ എ.സി.എഫ്.വൈ. മുഹമ്മദ് അൻവർ പറഞ്ഞു. കോഴ്‌സ് പാസാകുന്നവർക്ക് സർട്ടിഫിക്കേറ്റിനു പുറമേ പാമ്പുപിടിത്തത്തിനുള്ള സഞ്ചിയും ഉപകരണങ്ങളും നൽകുന്നുണ്ട്.
ഒന്നരവർഷത്തിനുള്ളിൽ പിടികൂടിയ ഉഗ്രവിഷമുള്ള പാമ്പുകൾ
ജില്ല എണ്ണം
ആലപ്പുഴ 628
എറണാകുളം 440
ഇടുക്കി 46
കാസർകോട് 294
കൊല്ലം 357
കോട്ടയം 917
കോഴിക്കോട് 514
മലപ്പുറം 602
പാലക്കാട് 156
പത്തനംതിട്ട 143
തിരുവനന്തപുരം 883
തൃശ്ശൂർ 776
വയനാട് 986
കണ്ണൂർ 2646