ഡ്രൈവർ ഇല്ലാത്ത കാർ ഓടുന്നത് കണ്ടിട്ടുണ്ടോ? അപ്പോൾ നിങ്ങൾ തിരിച്ചു പറയും അമേരിക്കയിലും ചൈനയിലുമൊക്കെ അത് സാധാരണമല്ലേയെന്ന്. സംഗതി നമ്മുടെ കൊച്ചിയിലെ ഒരു സർവ സാധാരണ കാഴ്ചയായാലോ? വൈകാതെ ഇതും യാഥാർഥ്യമാകും. കൊച്ചിയിലൂടെ ഇത്തരത്തിൽ Rosh Ai എന്ന കമ്പനിയുടെ പത്തോളം കാറുകളാണ് പരീക്ഷണ ഓട്ടങ്ങൾ നടത്തുന്നത്. ഏറെ കൗതുകവും കേരളത്തിന് അഭിമാനവുമായ സ്റ്റാർട്ട് അപ്പ് കമ്പനിയെയും ഡ്രൈവറില്ലാ കാറുകളെയും സംബന്ധിച്ച് അനുപ് ജോസഫ് എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
കൊച്ചിയിലൂടെ ഇങ്ങനെ ഡ്രൈവർ ഇല്ലാത്ത കാർ ഓടുന്നത് കണ്ടിട്ടുണ്ടോ, ഒരെണ്ണമല്ല എട്ടു പത്തെണ്ണം ഉണ്ട്,
പരീക്ഷണ ഓട്ടങ്ങളാണ് ഇപ്പോൾ നടക്കുന്നത്, എന്നാൽ ഇതിന്റെ പിന്നിൽ അമേരിക്കയിലെ ടെസ്ലയോ അല്ലെങ്കിൽ ഏതെങ്കിലും ചൈനീസ് കമ്പനികളോ അല്ല,ഇന്ത്യൻ കമ്പനിയാണ്, അതും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മലയാളി സ്ഥാപിച്ച സ്റ്റാർട്ടപ്പ്.
2021 ലാണ് Dr. റോഷി ജോൺ, രാജാറം മൂർത്തിയോട് ഒപ്പം ചേർന്ന് Rosh Ai എന്ന പേരിൽ ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾ നിർമിക്കുന്ന കമ്പനി സ്ഥാപിച്ചത്. റോഷി ജോണിന് പ്രസ്തുത മേഖലയിൽ ഏതാണ്ട് 20 വർഷത്തെ പ്രവർത്തിപരിചയവും ഏതാണ്ട് നാൽപതോളം പേറ്റന്റ് ലഭിക്കാനായി അപേക്ഷിച്ചിട്ടുള്ള ആളുമാണ്. കമ്പനി ആരംഭിക്കുമ്പോൾ മൂലധനം ലഭിക്കുന്നതിനായി മറ്റുള്ള ക്ലയന്റ് വർക്കിനെ ആണ് ഇവർ ആശ്രയിച്ചിരുന്നത്. നമ്മുടെ കയ്യിൽ എത്ര വലിയ ആശയം ഉണ്ടെന്ന് പറഞ്ഞാലും അത് പ്രാവർത്തികമാക്കി അതിൽ നിന്ന് വരുമാനം വരും എന്ന് തെളിയിക്കുന്നത് വരെ അത് വെറുമൊരു ആശയം മാത്രമാണ്.
ആ സമയത്ത് അതിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ ഒന്നെങ്കിൽ നമ്മുടെ ഫ്രണ്ട്‌സ് ആൻഡ് ഫാമിലി എന്നിവരെ ആശ്രയിക്കണം അല്ലെങ്കിൽ ഇതേ രീതിയിൽ സർവീസ് വർക്ക് ചെയ്ത് സ്വന്തം നിലയിൽ കണ്ടെത്തണം.ഇത് വലിയ ഒരു കടമ്പയാണ്, നമ്മുടെ നാട്ടിലെ പലരുടെയും ആശയങ്ങൾ ഇപ്പോഴും ചിന്തകളായി മാത്രം തുടരാൻ കാരണം ഈ ആദ്യത്തെ ചുവട് വയ്ക്കാൻ കഴിയാത്തതാണ്. അതിന് സർക്കാർ സംവിധാനങ്ങളെയോ സ്റ്റാർട്ടപ്പ് മിഷനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആശയം എല്ലാവരുടെയും കയ്യിൽ ഉണ്ടാവും, വെറുതെ ഫണ്ട് കിട്ടിയാൽ വിജയിപ്പിക്കാം എന്നൊക്കെ ആത്മവിശ്വാസവും തോന്നാം പക്ഷേ അതൊന്നും പണം കൊണ്ട് മാത്രം നടക്കില്ല.
Rosh Ai ലേക്ക് തിരിച്ചു വന്നാൽ അവരുടെ പ്രിത്യേകത നിലവിൽ ഉള്ള ഏത് കാറിനെ വേണമെങ്കിലും ഡ്രൈവർ ഇല്ലാത്ത രീതിയിൽ ഓടിക്കാൻ സഹായിക്കുന്ന കിറ്റ് നിർമ്മിക്കുന്നു എന്നതാണ് പ്രിത്യേകത. ടെസ്ല ഉൾപ്പെടെ ഒട്ടുമിക്ക എല്ലാ കമ്പനികളും കാറുകളാണ് നിർമ്മിക്കുന്നത്.
Rosh Ai പരീക്ഷണം പൂർത്തിയാക്കിയാൽ നമ്മുടെ കൈവശം ഇപ്പോൾ ഉള്ള കാറുകളെ ഡ്രൈവർ ആവശ്യം ഇല്ലാത്ത രീതിയിലേക്ക് മാറ്റാൻ ആകും, ആലോചിച്ചു നോക്കിക്കേ അതിന്റെ ഒരു റേഞ്ച്.
എന്നാലും കമ്പനിയുടെ നിലവിലെ ലക്ഷ്യം പബ്ലികിന് വേണ്ടി നൽകുക എന്നതല്ല, പക്ഷേ ഭാവിയിൽ അങ്ങനെ ഒന്ന് വന്നേക്കാം. നിരവധി പരീക്ഷണങ്ങൾക്ക് ഒടുവിൽ 2024 ഓഗസ്റ്റ് മാസത്തിൽ കമ്പനി 10 ലക്ഷം ഡോളർ സീഡ് ഫണ്ടിങ് നേടുകയുണ്ടായി.എന്നിട്ടും ഇങ്ങനെ ഒരു കമ്പനി ഇവിടെ ഉണ്ടെന്നും ഈ രീതിയിൽ പ്രവർത്തിക്കുന്നു എന്നും നമ്മളിൽ എത്ര പേർ അറിഞ്ഞു,
നമ്മുടെ നാട്ടിൽ ഇതൊക്കെ ചെയ്യാൻ കഴിവുള്ള ആളുകൾ ഇല്ലാഞ്ഞിട്ടല്ല, അവർക്ക് വേണ്ട സപ്പോർട്ട് കിട്ടാഞ്ഞിട്ടാണ്. ഇങ്ങനെ ഉള്ളവരെ പറ്റിയുള്ള വാർത്തകൾ വായിച്ചുകൊണ്ട് വേണ്ടേ നമ്മൾ രാവിലെ ഉണരാൻ, അത് നമ്മൾക്കും നൽകുന്ന പോസ്റ്റിവിറ്റി വളരെ വലുതാണ്.
ഇങ്ങനെ ഒരു പ്രസ്ഥാനം ഇവിടെ വളർന്നു വരുന്നതിൽ നമ്മൾക്ക് അഭിമാനിക്കാം…










