അവധി കഴിഞ്ഞു ജോലിക്ക് ഹാജരായില്ല: അധ്യാപകനെതിരെ നടപടി
കരൂപ്പടന്ന ജിഎച്ച്എസ്എസിലെ കായികാധ്യാപകനായ എ രമേശിനെ താൽക്കാലികമായി സർവീസിൽനിന്ന് നീക്കം ചെയ്തതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അറിയിച്ചു. ശൂന്യവേതനാവധിയിലായിരുന്ന രമേശ് അവധി ദീർഘിപ്പിക്കാൻ അപേക്ഷ നൽകിയിരുന്നു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് അപേക്ഷ നിരസിക്കുകയും അവധി തീരുന്ന മുറയ്ക്ക് ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകുകയും ചെയ്തു. അവധി അവസാനിച്ചതിന് ശേഷവും ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നേരിട്ട് ഹാജരായി ഇതിന് വിശദീകരണം ബോധിപ്പിക്കാൻ അറിയിപ്പ് നൽകി. എന്നാൽ അധ്യാപകൻ ഓഫീസിൽ ഹാജരാകുകയോ മറുപടി ബോധിപ്പിക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് നടപടി. താൽക്കാലികമായി നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിച്ചില്ലെങ്കിൽ അധ്യാപകനെ സേവനത്തിൽ നിന്നും സ്ഥിരമായി നീക്കം ചെയ്യുന്നതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.