കരയിലെ കടൽക്കൊട്ടാരമൊരുക്കാൻ അബുദാബി.
അബുദാബി ∙ കൊമ്പൻ സ്രാവുകളടക്കമുള്ള വമ്പൻമാർക്കായി ലോകത്തിലെ ഏറ്റവും വലിയ ‘കടൽക്കൊട്ടാരം’ അടുത്തവർഷം തുറക്കാൻ തലസ്ഥാന നഗരം. കടലാഴങ്ങളിലെ കാഴ്ചകൾ ഒരുക്കുന്ന യാസ് ഐലൻഡിലെ ‘സീ വേൾഡ് അബുദാബിയിൽ’ ആമകൾ, വിവിധയിനം മത്സ്യങ്ങൾ എന്നിയുൾപ്പെടെ 68,000ൽ ഏറെ സമുദ്രജീവികൾ ഉണ്ടാകും. ഇതുവരെ പുറത്തുവന്നതിനും അപ്പുറമാണ് കൊട്ടാരവിശേഷങ്ങൾ. 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ 5 നിലകളിലായി നിർമിക്കുന്ന സീ വേൾഡ് ‘കരയിലെ കടൽ’ ആകുമെന്നാണ് സൂചന. കടലാഴങ്ങളിലൂടെയുള്ള ഉല്ലാസയാത്രയുടെ പ്രതീതിയുണർത്തുന്ന അത്ഭുത ലോകമാകും ഇത്. നിർമാണം 64% പൂർത്തിയായി. പടൂകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകളാണ് ഒരുക്കുന്നത്.
സീവേൾഡ് പാർക്സ് ആൻഡ് എന്റർടെയ്ൻമെന്റുമായി സഹകരിച്ച് ഈ മേഖലയിലെ പ്രമുഖരായ മിറൽ ആണ് നിർമിക്കുന്നത്.
അക്വേറിയം സങ്കൽപങ്ങൾക്കുമപ്പുറം മറൈൻ ലൈഫ് പാർക്ക്, പഠന-ഗവേഷണ കേന്ദ്രങ്ങൾ, ഉല്ലാസ മേഖലകൾ എന്നിയുൾപ്പെടുന്ന വൻ സംരംഭമാണിത്. നീളൻ ‘ജനാല’യ്ക്കപ്പുറം കടലാഴങ്ങൾ
•20 മീറ്റർ ഉയരമുള്ള നീളൻ ജനാലയുടെ മാതൃകയിലുള്ള ‘എൻഡ് ലസ് വിസ്റ്റ’യിലൂടെ വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം കാണാനാകും.
• വിവിധ സമുദ്ര മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ചുള്ള പ്രമേയങ്ങളാകും ഉണ്ടാകുക. കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കും.
• വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് അവസരമൊരുക്കും. ഈ മേഖലയിലെ രാജ്യാന്തര വിദഗ്ധരുടെ ആസ്ഥാനമാക്കുകയും സമുദ്ര ഗവേഷണ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
• 2.5 കോടിയിലേറെ ലീറ്റർ വെ ള്ളം ശാസ്ത്രീയ രീതിയിൽ പരിപാലിക്കും. ഓരോ ജിവിയുടെയും ജീവിതചക്രത്തെക്കുറിച്ച് അറിവുള്ള വിദഗ്ധർക്കാണ് അതത് മേഖലകളുടെ ചുമതല. ഇതോടനുബന്ധിച്ച് കൂടുതൽ വിനോദസഞ്ചാര പദ്ധതികൾക്കു തുടക്കം കുറിക്കുമെന്നും അധികാരികൾ അറിയിച്ചു.