കൊച്ചി: ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ നന്നാക്കിയിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. യുവാവിന്റെ ബന്ധുക്കള്‍ അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയത്. കൊടകര കോടാലി സ്വദേശി സലീഷ് എന്ന യുവാവ് 2020 ഓഗസ്റ്റ് 30നാണ് വാഹനാപകടത്തില്‍ മരിച്ചത്.
അങ്കമാലി ടെല്‍ക്കിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം പെന്റാമേനകയില്‍ മൊബൈല്‍ഫോണ്‍ സര്‍വീസ് നടത്തി വന്നിരുന്നയാളാണ് സലീഷ്. ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ സലീഷാണ് സര്‍വീസ് നടത്തിയിരുന്നത്.
അന്ന് ഈ അപകടത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ കേസുമായി ബന്ധെപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാരിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, യുവാവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചിരുന്നു.
ഈ ആക്ഷേപം മുന്‍നിര്‍ത്തിയാണ് സലീഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. മരിക്കും മുമ്പ് സലീഷ് ദിലീപിനെ കാണാന്‍ പോയിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദിലീപിനൊപ്പം ഇയാള്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.’