Spread the love

എടപ്പാൾ : സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ജില്ലാ അതിർത്തിയായ കോലിക്കരയ്ക്കും കുറ്റിപ്പുറത്തിനും ഇടയിൽ അടുത്തിടെ നടന്നത് ഒട്ടേറെ അപകടങ്ങൾ. നടുവട്ടം കണ്ണഞ്ചിറ ഇറക്കത്തിൽ കഴിഞ്ഞ ദിവസം രാത്രി കെഎസ്ആർടിസി ബസും ബൈക്കും അപകടത്തിൽപെട്ടതാണ് ഒടുവിലത്തേത്.

ബസിനടിയിലേക്കു വീണ ബൈക്കിൽനിന്ന് കാന്തള്ളൂർ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മാണൂരിൽ മിനി ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് മാണൂർ സ്വദേശി മരിച്ചത് ദിവസങ്ങൾക്കു മുൻപാണ്. സ്ഥിരം അപകട മേഖലയായ നടുവട്ടം കാലടിത്തറയിൽ കെഎസ്ആർടിസി ബസിലേക്കു കാർ ഇടിച്ചുകയറി 2 യുവാക്കൾക്കു പരുക്കേറ്റതും കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയതും അടുത്തിടെയാണ്.

മാണൂരിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയും സബ് സ്റ്റേഷന് സമീപം ബാങ്കുകളിലേക്കു പണം എത്തിക്കുന്ന വാൻ അപകടത്തിൽപെടുകയും ചെയ്തിരുന്നു. മഴ പെയ്യുമ്പോഴാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്. അമിത വേഗവും അപകട കാരണമാകുന്നുണ്ട്.

നേരത്തേ സംസ്ഥാനപാതയിൽ അമിത വേഗം കണ്ടെത്തുന്നതിനായി ക്യാമറകൾ സ്ഥാപിച്ചതോടെ അപകട നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ക്യാമറകളിൽ പലതും കണ്ണടച്ചതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെ ചീറിപ്പായുകയാണ്. സ്ഥിരം അപകട മേഖലകളിൽ വേഗത്തടകൾ സ്ഥാപിക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല.

Leave a Reply