കോട്ടയം: അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയായ വാകത്താനം സ്വദേശിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജുവിന്റെ മൃതദേഹമാണ് വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ കണ്ടെത്തിയത്.
ഓട്ടോറിക്ഷയിൽ കയർ കുടുക്കിട്ട് കഴുത്തിൽ കെട്ടിയ ശേഷം പാലത്തിൽ നിന്ന് ചാടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റെ മാതാവ് സതി(80) മരിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു ജീവനൊടുക്കിയത്.
കുടുംബവഴക്കിനിടെ നിലത്തുവീണ അമ്മയെ ചവിട്ടിക്കൊന്ന കേസിലാണ് ബിജുവിനെ പൊലീസ് അറസ്റ്റ് െചയ്തത്. മകന്റെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയ്ക്ക് വീണു പരുക്കു പറ്റി എന്നായിരുന്നു ബിജു ആശുപത്രി അധികൃതരേോട് പറഞ്ഞത്. മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ നെഞ്ചിലേറ്റ ചവിട്ടാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.