പെരിന്തൽമണ്ണ: ആന്ധ്രയിൽനിന്ന് മലേഷ്യയിലേക്ക് രക്തചന്ദനം കയറ്റുമതി ചെയ്ത് വൻ ലാഭമുണ്ടാക്കുന്ന ബിസിനസ് തുടങ്ങാമെന്നു വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി അറസ്റ്റിൽ. താഴേക്കോട് പൂവ്വത്താണി സ്വദേശി പൊതിയിൽ തൊട്ടിപ്പറമ്പിൽ അബ്ദുൾറഫീഖിനെ(42)യാണ് പെരിന്തൽമണ്ണ ടൗണിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയിൽ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മൂന്നു വർഷം മുൻപാണ് ബിസിനസുണ്ടെന്നും പണം മുടക്കിയാൽ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് അബ്ദുൾറഫീഖ് പരാതിക്കാരനെ പരിചയപ്പെടുന്നത്. തുടർന്ന് ആന്ധ്രയിൽ കൊണ്ടുപോയി അവിടത്തെ ചിലരെ ചന്ദന ബിസിനസിൽ പങ്കാളികളാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഒരു എം.എൽ.എ. ഉൾപ്പെടെ ആന്ധ്രയിലെയും മലേഷ്യയിലെയും ഉന്നതരുടെ കൂടെനിന്നെടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നെന്ന് പരാതിക്കാരൻ പറയുന്നു. ബിസിനസ് കാര്യങ്ങൾക്കായി പലതവണ റഫീഖ് മലേഷ്യയിലേക്കു പോയി അവിടെനിന്നുള്ള ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു.
മൂന്നു തവണയായി അൻപതുലക്ഷം രൂപയോളം കൈപ്പറ്റിയശേഷം കോവിഡിന്റെയും മറ്റും പല കാരണങ്ങൾപറഞ്ഞ് വഞ്ചിച്ചെന്നാണു പരാതി. ഗൾഫിലെ ബിസിനസുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാമെന്നു പറഞ്ഞ് വ്യാജരേഖകൾ കാണിച്ചും പണം തട്ടിയതായും പരാതിക്കാരൻ പറയുന്നു.
പ്രതിയുടെ പേരിൽ മുൻപും തട്ടിപ്പു കേസുകളുള്ളതായും കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു. പെരിന്തൽമണ്ണ കോടതി ഇയാളെ റിമാൻഡ് ചെയ്തു.