ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമായ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ വിദേശ ബോക്‌സ് ഓഫീസില്‍ കൊതിപ്പിക്കുന്ന കുതിപ്പ് തുടരുന്നു. വിദേശത്തുനിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ‘ലോക’. 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ട ലോക മലയാളത്തില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്.
റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ‘ലോക’ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലിന്‍ എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
റിലീസായി ഏഴുദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ‘ലോക’ നേടിയത്. പാന്‍ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിനുപുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുകിയ ചിത്രത്തില്‍ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം യൂണിവേഴ്‌സിലെ ഇനി വരാനുള്ള ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ‘മൂത്തോന്‍’ എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും അദ്ദേഹത്തിന്റെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.









