Spread the love

തൃശൂര്‍: ‍ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 7.55 നായിരുന്നു മരണം. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ മൂത്രതടസ്സം കഠിനമാവുകയും തൃശൂര്‍ ഹൈടെക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മനുഷ്യസ്നേഹത്തിന്റെ കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു.. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്.

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതൽ കവിതയെഴുതി തുടങ്ങിയ അക്കിത്തം, കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും തല്പരനായിരുന്നു. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂർ മംഗളോദയം പ്രസിൽനിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1985 ൽ വിരമിച്ചു.

Leave a Reply