കൊല്ലം: സൈനികനും സഹോദരനും കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ആക്രമണം നടത്തിയെന്ന കേസില്‍ വഴിത്തിരിവ്. കിളികൊല്ലൂര്‍ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവര്‍ക്കെതിരായ കേസിലാണ് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തില്‍ സത്യം പുറത്തുവന്നത്. സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതാണെന്നും ക്രൂരമായി മര്‍ദിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. അനീഷിനെയും രണ്ട് സി.പി.ഒ.മാരെയും സ്ഥലംമാറ്റി.
സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പോലീസിന്റെ ക്രൂരത അരങ്ങേറിയത്. വിഷ്ണുവിന്റെ സഹോദരനായ വിഘ്‌നേഷ് പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാവാണ്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എം.ഡി.എം.എ.യുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് പോലീസുകാരന്‍ വിഘ്‌നേഷിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യംനില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്‌റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പോലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ, സഹോദരന്‍ സ്‌റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞ് വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പോലീസുകാര്‍ സ്‌റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.
എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസിനെ ആക്രമിച്ചെന്നും എ.എസ്.ഐ.യെ പരിക്കേല്‍പ്പിച്ചെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കി. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. പോലീസിനെ ആക്രമിച്ചെന്ന കേസില്‍ 12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. വിഷ്ണുവിന്റെ വിവാഹവും മുടങ്ങിയിരുന്നു.