Spread the love
റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്കെതിരേ ജില്ലയിൽ നടപടി തുടങ്ങി

പാലക്കാട്‌/ഒറ്റപ്പാലം: മൂന്നുമാസമായി റേഷൻവാങ്ങാത്ത മുൻഗണനാ റേഷൻകാർഡ് ഉടമകൾക്കെതിരേ ജില്ലയിൽ നടപടി തുടങ്ങി. 810 അന്ത്യോദയ അന്നയോജന (എ.എ.വൈ- മഞ്ഞ), പി.എച്ച്.എച്ച് (ചുവപ്പ്) കാർഡുടമകൾക്കെതിരെയാണ് നടപടി. ഇതിൽ 602 റേഷൻ കാർഡുകൾ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കയും 208 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു. ഇതോടെ ഈ കാർഡുടമകൾക്ക് മുൻഗണനാ വിഭാഗത്തിലെ ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ല.

ജില്ലയിലാകെ 1,482 മുൻഗണനാ കാർഡുടമകളാണ് മൂന്നുമാസത്തോളമായി റേഷൻ വാങ്ങാത്തതെന്നാണ് ജില്ലാ സപ്ലൈ ഓഫീസിന്റെ കണ്ടെത്തൽ. എ.എ.വൈ., മഞ്ഞ കാർഡുടമകളുടെ വീടുകയറി നടത്തിയ പരിശോധനയിലാണ് ഇത്രയും കാർഡുകൾ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയത്. 810 കാർഡുടമകൾക്കെതിരേ നടപടി സ്വീകരിച്ചപ്പോൾ 672 കാർഡുടമകൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. ഈ കാർഡുടമകളുടെ വാദം കേൾക്കും. കോവിഡ് കാലമായതിനാൽ റേഷൻകടയിലെത്തി റേഷൻ വാങ്ങാനാവാത്തതാകാം കാരണമെന്നിരിക്കേ അത്തരം വിഷയങ്ങൾ പരിശോധിക്കുന്നതിനാണ് വാദംകേൾക്കുന്നത്. കാരണം തൃപ്തികരമെങ്കിൽ മുൻഗണനാവിഭാഗത്തിൽ തുടരാൻ അനുവദിക്കും. അല്ലാത്തപക്ഷം പൊതുവിഭാഗത്തിലേക്ക് മാറ്റുകയോ കാർഡുകൾ റദ്ദാക്കുകയോ ചെയ്യും.

ഒരാൾമാത്രമുള്ള റേഷൻകാർഡുകളിൽ ഉടമ മരിച്ചതിനെത്തുടർന്ന്‌ ഉപയോഗിക്കാതെയിരുന്ന കാർഡുകൾ കണ്ടെത്തി. ഒപ്പം മൂന്നുമാസമായി സ്ഥലത്തില്ലാത്തതിനെത്തുടർന്ന് കാർഡ് ഉപയോഗിക്കാത്തവരുമുണ്ട്. റേഷൻവാങ്ങാത്തവർക്ക് ഇത് ആവശ്യമില്ലെന്നും അവർ മുൻഗണനാ വിഭാഗത്തിന് അർഹരല്ലെന്നും കണ്ടെത്തിയാണ് നടപടി.

Leave a Reply