വിദ്യാർത്ഥികളുടെ പരാതികൾ അവർക്ക് ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള ‘പരാതിപ്പെട്ടി’ സ്ഥാപിക്കാത്ത സ്കൂളുകൾക്ക് എതിരെ നടപടി വരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഭൂരിഭാഗം വിദ്യാലയങ്ങളിലും പരാതിപ്പെട്ടി സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവുപ്രകാരം നടപടി കർശനമാക്കുന്നത്. വിദ്യാർത്ഥികളുടെ എല്ലാ തരത്തിലുമുള്ള പരാതികളും അറിയിക്കാൻ സ്കൂൾ ഓഫീസിനോടു ചേർന്ന് പരാതിപ്പെട്ടി സ്ഥാപിക്കണം എന്നാണ് നിർദേശം. ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബാലാവകാശ കമ്മിഷനും ഈ സംവിധാനം നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കർശന ഉത്തരവിറക്കിയിട്ടും പല വിദ്യാലയങ്ങളും നടപ്പാക്കിയിട്ടില്ല. സ്കൂളുകളിൽ പരാതികൾ ലഭിക്കാറില്ല എന്ന് പല അധ്യാപകരും പറയുമ്പോൾ പരാതി നൽകാനുള്ള സാഹചര്യമില്ലാത്തതാണ് പ്രശ്നമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ചില സ്കൂളുകളിൽ നേരത്തെ സ്ഥാപിച്ച പെട്ടികൾ തുരുമ്പെടുത്ത നിലയിലുമാണ്. കോവിഡിനു ശേഷമാണ് മിക്ക സ്കൂളുകളിലും പെട്ടികൾ ഇല്ലാതായത്. പോലീസ് നേരിട്ട് സ്ഥാപിച്ചിരുന്ന പല പെട്ടികളും ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ചില
സ്കൂളുകളിലെ അധികൃതരുടെ വിശദീകരണം.
പരാതിപ്പെട്ടി സ്ഥാപിക്കാത്ത ഗവ., എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളുടെ വിവരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നത്. കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ വികസിപ്പിച്ചെടുത്ത ‘പോക്സോ ഓൺലൈൻ ഇ-പരാതിപ്പെട്ടി’ കളുടെ അവസ്ഥയും ഇതോടൊപ്പം പരിശോധിക്കും. നിർദേശം നടപ്പക്കാത്ത വിദ്യാലയങ്ങൾ കണ്ടെത്താൻ അതത് വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിക്കും. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കണം എന്നാണ് നിർദേശം.