ഉത്തരവിന് ഒരു വർഷം പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. കാട്ടുപന്നികൾ വൻതോതിൽ കൃഷി നശിപ്പിക്കുകയും പലയിടത്തും മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയാകുന്നതായും നിരവധി പരാതികൾ സർക്കാരിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
നാട്ടിലിറങ്ങി ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കർഷകർക്കും ഉദ്യോഗസ്ഥർക്കും നടപടി സ്വീകരിക്കാവുന്നതാണ്. ജനജാഗ്രതാ സമിതികളുടെ ശിപാർശ സഹിതമോ അല്ലാതെയോ സമർപ്പിക്കപ്പെടുന്ന അപേക്ഷകള്‍ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കേണ്ടതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അതത് ഡിവിഷനുകളിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിവിഷനുകളില്‍ രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
വൻതോതിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയം ചൂണ്ടിക്കാണിച്ച് കാട്ടുപന്നികളെ ‘വേർമിൻ’ (ക്ഷുദ്ര ജീവി) ആയി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയത്തിന് കത്ത് നൽകാനും അനുകൂല നടപടി ഉണ്ടാകുന്നതുവരെ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര വനം മന്ത്രാലയം കാട്ടുപന്നികളെ ‘വേർമിൻ’ ആയി പ്രഖ്യാപിച്ചാല്‍ അവയെ നശിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
സർക്കാർ ഉത്തരവ് പ്രകാരം വനം വകുപ്പുമായി സഹകരിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജന ജാഗ്രതാ സമിതികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.