വിവാഹമോചന ഉടമ്പടിയിൽ തന്റെ ഒപ്പ് നടൻ ബാല വ്യാജമായി ഇട്ടു കബളിപ്പിച്ചുഎന്ന് ആരോപിച്ച് മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. സമർപ്പിച്ച രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നും മകൾക്കായി നൽകിയ ഇൻഷുറൻസ് തുക പിൻവലിച്ചെന്നും കാട്ടിയാണ് അമൃത കടവന്ത്ര സ്റ്റേഷനിൽ നടനെതിരെ പരാതി നൽകിയത്. ഇപ്പോഴിതാ വിഷയത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ചും ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്ന പുതിയ സന്തോഷത്തെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബാലയും നിലവിലെ ഭാര്യയായ കോകിലയും.
‘ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. ഇനി ഇതിനെക്കുറിച്ച് ഒരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിയിലും പോലീസിലും വാക്ക് പറഞ്ഞിരിക്കുകയാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. കേസിന് മുകളിൽ കേസുകൊടുത്ത് എന്റെ വായ് അടച്ചിട്ട് മിണ്ടാതിരിക്കുമ്പോൾ മറ്റവരെല്ലാം സംസാരിക്കുന്നു. ഞങ്ങൾ ഇപ്പോൾ സമാധാനമായി പോകണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ, ആ സൈഡിൽനിന്ന് നിരന്തരം പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു’, ബാല പറഞ്ഞു.
‘എന്റെ അവസ്ഥ എല്ലാവർക്കും മനസിലാകാനാണ് പറയുന്നത്. സംസാരിച്ചാൽ എന്റെ മേലിൽ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കിൽ യുട്യൂബ് ചാനലുകളും മാധ്യമങ്ങളും ഉൾപ്പെടെ വ്യാജരേഖ നിർമാണം എന്ന് പറയും. സംസാരിച്ചില്ലെങ്കിൽ അതിനുമുകളിൽ വലിയ സംഭവം. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ മിണ്ടണോ, മിണ്ടാതിരിക്കണോ? മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും പ്രശ്നം. ഞാൻ എന്ത് ചെയ്യണം?’, ബാല ചോദിച്ചു.
‘ഞാൻ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ഇരിക്കുകയാണ്. ഞങ്ങൾക്ക് ഒരു കുട്ടി വരാൻ പോകുന്നു, വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങൾ പോവുന്നതായിരിക്കും നല്ലതും. അവരവർക്ക് അർഹതപ്പെട്ടത്, അവർക്ക് തീർച്ചയായും കിട്ടും. വ്യാജരേഖ നിർമാണം എന്ന വാക്ക് ബാലയ്ക്ക് അർഹതപ്പെട്ടതല്ല. അത് വലിയ തെറ്റാണ്. ഇങ്ങനത്തെ വാക്കുകൾ മാധ്യമങ്ങൾ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല’, അദ്ദേഹം വ്യക്തമാക്കി.