കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്കു ശേഷം തനിക്ക് തെറ്റായ മരുന്ന് നൽകിയെന്ന ആരോപണവുമായി നടൻ ബാല. എന്നാല്‍ മരുന്ന് നൽകിയ ആളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയാറായില്ല. കരൾ രോഗത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട തന്നെ ഈ ചതിയിൽ നിന്നും ദൈവം വീണ്ടും രക്ഷിച്ചുവെന്നും വ്യക്തമാക്കുന്നു.
‘‘ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. എനിക്ക് മുൻവിവാഹത്തിൽ നിന്ന് ഒരു കുട്ടിയുണ്ടെന്ന് എല്ലാവർക്കും അറിയാം. ഔദ്യോഗികമായി ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്. ഇപ്പോൾ, ഞങ്ങൾ സ്വർഗത്തിലാണ് ജീവിക്കുന്നത്. ദൈവം നമുക്കായി സ്വർഗത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഒരു സമയമുണ്ട്. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ അത് ആസ്വദിക്കുന്നു. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ കോകിലയെ അറിയാം. അവൾ എന്റെ മാതൃസഹോദരന്റെ മകളാണ്. ജീവിതത്തിന് ഉയർച്ച താഴ്ചകളുണ്ട്. എനിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പ്, ബാല മരിച്ചുവെന്ന വാർത്ത പരന്നു, പക്ഷേ ഇതാ ഞാൻ, നിങ്ങളുടെ മുന്നിൽ എന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
എന്റെ ചെറുപ്പം മുതൽ കോകില കൂടെയുണ്ടായിരുന്നു. അവൾ എന്നെ ഇത്രയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. അവൾ എത്രമാത്രം എന്നെ പരിഗണിക്കുന്നുവെന്ന് അടുത്തിടെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഞാൻ എന്റെ അമ്മയോട് സംസാരിച്ചു; ‘അമ്മ, ചെറുപ്പം മുതൽ കണ്ടുവളർന്ന ഈ പെണ്ണിനെ എങ്ങനെയാണ് ഭാര്യയായി കാണുക?’’ എന്റെ അമ്മ അതിന് അദ്ഭുതകരമായൊരു ഉത്തരം നൽകി: ‘‘ബാലാ, നിന്റെ അച്ഛനെ സ്നേഹിച്ചിട്ടാണോ ഞാൻ വിവാഹം കഴിച്ചത്? പക്ഷേ ഞങ്ങൾ സ്നേഹിച്ചു ജീവിച്ചു. ആ സ്നേഹത്തിന്റെ കാരണത്താൽ നിന്റെ മൂത്ത സഹോദരി, പിന്നെ സിരുത്തൈ ശിവ, ബാല എന്നിവർക്കു ജന്മം നൽകി’’.