Spread the love

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവൽക്കരിച്ചായിരുന്നു നടന്റെ പ്രതികരണം. എല്ലാക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രൻസിന്‍റെ മറുപടി. താൻ ആരുടേയും വാതിലിൽ മുട്ടിയിട്ടില്ല. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ വേണ്ടത് പോലെ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേര്‍ത്തു. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മലയാളത്തിലെ നടികളെ പോലും അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നയാരുന്നു ഇന്ദ്രൻസിന്‍റെപ്രതികരണം.

സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി ഇന്നലെയാണ് ബം​ഗാളി നടി ശ്രീലേഖ മിത്ര രം​ഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

ഓഡിഷനെല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്.ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ലെന്നും മിത്ര പറഞ്ഞു.

Leave a Reply