നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ സിനിമ ചിത്രീകരണങ്ങൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. താഴെ വീണും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ സഹ അഭിനേതാക്കളിൽ നിന്നും അസ്സൽ അടി കിട്ടിയും എത്രയോ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അടികിട്ടി പല്ലിളക്കി പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നു. ഹിറ്റ് സിനിമയായ വന്ദനത്തിന്റെ സമയത്ത് ഒരു ബോർഡ് തട്ടി താഴെ വീണിട്ടുണ്ട്. ഗോഡ്ഫാദറിന്റെ സമയത്ത് മരത്തിൽ നിന്നും താഴെ വീണു, ഇങ്ങനെ തുടങ്ങി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.
ഇത്തരത്തിൽ കിണ്ണം കട്ട കള്ളൻ എന്ന സിനിമ ചെയ്യുമ്പോൾ സ്പടികം ജോർജ് ചേട്ടന്റെ അടുത്തുനിന്ന് തനിക്ക് ഒറ്റ ഒരു ഇടി കിട്ടി. ഒരു പല്ല് ഭയങ്കരമായിട്ട് ആടാൻ തുടങ്ങിയെന്നും തന്റെ പല്ലു പോയെന്നാണ് വിചാരിച്ചതെന്നും ജഗദീഷ് പറയുന്നു. ചിലപ്പോൾ തന്റെ മിസ്റ്റേക്ക് കൊണ്ടായിരിക്കാം, ഒരുപക്ഷേ അദ്ദേഹം വിചാരിച്ചതിലും ഒരു ഇഞ്ച് മുന്നോട്ട് താൻ വന്നിട്ടുണ്ടാകാം എന്നും ജഗദീഷ് കൂട്ടിച്ചേർത്തു. എന്നാൽ ഇതൊന്നു വലിയ ത്യാഗം എന്ന് പറയേണ്ട കാര്യങ്ങൾ അല്ലെന്നും ഇത്തരം കാര്യങ്ങൾ സിനിമയിൽ സ്വാഭാവികമാണെന്നും താരം പറയൂന്നു.