
അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ. പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്.എഴുപത്തൊന്നാം വർഷത്തിൽ അൻപത്തി ഒന്ന് വർഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് മമ്മൂട്ടി പകർന്നാടി.
സിനിമയിൽ വലിയൊരു താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, “ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല”, എന്നായിരുന്നു മറുപടി.