നടൻ മേള രഘു(60) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു അഭിനയ രംഗത്ത് എത്തിയത്. മുപ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2ലാണ് അവസാനമായി മേള രഘു അഭിനയിച്ചത്.
ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻ വെളി രഘു ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ സഹായവുമായി സിനിമ മേഖലയിൽ നിന്നുമുള്ളവർ എത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഏഴ് ദിവസത്തിലധികം അബോധാവസ്ഥയിൽ കിടന്നു. കഴിഞ്ഞ 16-ാം തീയതി രഘു വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മ സംഘടനയിൽ അംഗമായ രഘുവിന്റെ ചികിത്സാ സഹായത്തിനായി സംഘടനയെയോ താരങ്ങളെയോ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ സന്ദേശം പ്രചരിച്ചിരുന്നു. എന്നാൽ ആരും സഹായങ്ങൾ നൽകിയില്ലെന്നാണ് വിവരം.
കമൽഹാസനൊപ്പം അപൂർവസഹോദരങ്ങൾ എന്ന ചിത്രത്തിൽ ഒരു മുഖ്യവേഷം ചെയ്ത നടനാണ് മേള രഘു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ മേളയിൽ നായകനായിട്ടാണ് രഘു സിനിമയിലെത്തുന്നത്. സർക്കസുകാരനായ രഘു മേളയിൽ അഭിനയിച്ചതോടെ മേള രഘു എന്നറിയപ്പെടുകയായിരുന്നു. ആദ്യ സിനിമയോടെ തന്നെ പ്രശസ്തനായെങ്കിലും മേള രഘുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.
മേളയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം ദൃശ്യം 2ൽ അവസാനിച്ചപ്പോൾ ഏകദേശം 30 സിനിമകളിൽ രഘു അഭിനയിച്ചിട്ടുണ്ട്. സഞ്ചാരികൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ്വ സഹോദരങ്ങൾ , ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.