Spread the love

കൊവിഡിനെ തുടര്‍ന്നുളള ലോക്ഡൗണില്‍ ഏറ്റവും അധികം പ്രതിസന്ധിയിലായവരില്‍ രാജ്യത്തെ സിനിമാലോകവും താരങ്ങളുമുണ്ട്. കേരളത്തിലും തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തതോടെ ഇതിനെ ആശ്രയിച്ച്‌ ജീവിക്കുന്ന ആയിരക്കണക്കിന് പേരാണ് പ്രതിസന്ധിയിലാക്കിയത്. ഇതില്‍ സാധാരണക്കാരായ നടന്‍മാര്‍ മുതല്‍ താരങ്ങളുമുണ്ട്. സിനിമാലോകത്തെ ബാധിച്ച കൊവിഡിനെ കുറിച്ച്‌, തന്റെ ചുറ്റുമുളളവരെക്കുറിച്ച്‌ നടന്‍ നന്ദു വിവരിക്കുകയാണ്. അമ്മയുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബു, പേര് പറയാത്ത ഒരു നടി എന്നിവര്‍ പ്രതിസന്ധിയെക്കുറിച്ചാണ് നന്ദു പറയുന്നത്. മലയാള മനോരമയുടെ വാരാന്ത്യ പതിപ്പിലായിരുന്നു നന്ദു ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

നന്ദുവിന്‍റെ വാക്കുകള്‍ ഇങ്ങനെ

സിനിമയിലെ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് നല്ല സാമ്ബത്തിക ശേഷിയുളളത്. വരുമാനം മുടങ്ങിയാലും ഇരുപത് ശതമാനം പേര്‍ക്ക് കൂടി ജീവിക്കാം. സാധാരണ നടിനടന്മാര്‍, സാങ്കേതിക വിദ​ഗ്ധര്‍, അസിസ്റ്റന്റുമാര്‍, ലൈറ്റ് ബോയ്സ്, മെസ് ജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ കഷ്ടത്തിലാണ്. പലരെയും വ്യക്തിപരമായി സഹായിച്ചു. കൂടുതല്‍ സഹായിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍. സെറ്റില്‍ നമുക്ക് ഭക്ഷണം വിളമ്ബിയിരുന്നവര്‍ പട്ടിണി കിടക്കുന്നതായി കേള്‍ക്കുമ്ബോള്‍ ദുഃഖമുണ്ട്.

താരസംഘടനയായ അമ്മ സാമ്ബത്തിക ശേഷിയുളളവരില്‍ നിന്ന് പണം സമാഹരിച്ച്‌ രണ്ട് തവണ സഹായം നല്‍കി. ഏറ്റവും ഒടുവില്‍ ധനസമാഹരണം നടത്തിയപ്പോള്‍ പിരിവ് നല്‍കാന്‍ നിവൃത്തിയില്ലെന്ന് ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച്‌ പറഞ്ഞു. ലോക്ഡൗണ്‍ മൂലം സ്വന്തം കാറുകളില്‍ ഒന്ന് വില്‍ക്കേണ്ടി വന്നുവെന്നാണ് അപ്പോള്‍ ഇടവേള ബാബു എന്നോട് പറഞ്ഞത്. ആറുമാസം വരുമാനം ഇല്ലാതാകുമെന്ന് ‍ഞങ്ങളാരും പ്രതീക്ഷിച്ചില്ല.

മലയാളത്തിലെ ഒരു നടി ലോക്ഡൗണിന് മുന്‍പ് കാര്‍ വാങ്ങാന്‍ ഉറച്ചു. മാസം 35,000 വീതം വായ്പ അടക്കണം. സിനിമ ഇല്ലാത്തതിനാല്‍ വരുമാനമില്ല. ലോക‍്ഡൗണ്‍ സൂചന ലഭിച്ചപ്പോള്‍ ബാങ്കുകാരെ സമീപിച്ച്‌ ഇപ്പോള്‍ വണ്ടി വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ കാര്‍ ഡീലര്‍ക്ക് പണം കൈമാറി കഴിഞ്ഞിരുന്നു.

Leave a Reply