നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
1978 ൽ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. മലയാളത്തിൽ ലഭിച്ചതിലുമേറെ അവസരം പ്രതാപ് പോത്തന് തമിഴിലായിരുന്നു കിട്ടിയത്. 1987 ൽ ഋതുഭേദം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാനത്തിലേക്ക് കടന്നത്.
തകരയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോറി, ചാമരം, അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ്, അടക്കം നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തന്മാത്ര, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലും വേഷമിട്ടു.
1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് – മലയാളം – തകര (1979)
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് – മലയാളം – ചാമരം (1980)
ഒരു നവാഗത സംവിധായികൻറെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് – മീണ്ടും ഒരു കാതൽ കഥൈ (1985)
മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് – മലയാളം – ഋതുഭേദം (1987)
ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാർഡ് – 22 ഫീമെയിൽ കോട്ടയം (2012)
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി അവാർഡ് – (2014)