നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികില്‍സയിലിരിക്കേയാണ് നിര്യാണം. 2010 ല്‍ ഡബ്ബിങ്ങിന് സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്. സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു നിന്നു. 120ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു.
കൊച്ചിയിൽ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇസ്‌മയിലിന്റെ മകനാണ് റിസബാവ. റിസബാവയ്‌ക്ക് ചെറുപ്പംമുതൽ നാടകത്തോടാണ് പ്രിയം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തീ വെളിച്ചമാണ് എന്ന നാടകത്തിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന റിസബാവ കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. നാടകത്തിലും സിനിമയിലും സീരിയലുകളിലുമായി നൂറുകണക്കിന് കഥാപാത്രങ്ങൾ.