മുംബൈ: ചലച്ചിത്ര- ടെലിവിഷൻ താരവും തിയേറ്റർ നടനുമായ സലീം ഖൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുഴഞ്ഞുവീണതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭരതൻ സംവിധാനം ചെയ്ത താഴ്വാരം എന്ന ചിത്രത്തിലൂടെയാണ് സലീം ഖൗസ് മലയാളത്തിൽ ശ്രദ്ധ നേടിയത്. ചിത്രത്തിലെ രാഘവൻ എന്ന വില്ലൻ കഥാപാത്രത്തിന് ഏറെ കയ്യടി ലഭിച്ചിരുന്നു.
ചെന്നൈയിൽ ജനിച്ച സലീം ഖൗസ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടിൽനിന്നു ബിരുദമെടുത്തു.
1978-ൽ പുറത്തിറങ്ങിയ സ്വർഗ നാരക് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ചക്ര, കൊയ്ല, ത്രികാൽ, ദ്രോഹി, സോൾജ്യർ, ഇന്ത്യൻ ചാണക്യ തുടങ്ങി നാൽപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു. മണിരത്നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ ടിടി വിക്രം എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ ആണ് അവസാന മലയാള ചിത്രം. പെരുമാൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്.
കാ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രം പുറത്തിറങ്ങിയിട്ടില്ല. സിനിമയ്ക്ക് പുറമേ സുഭാഹ്, എക്സ് സോൺ തുടങ്ങി സീരിയലുകളിലും വേഷമിട്ടു. 300, കിങ് ലയൺ തുടങ്ങിയവയുടെ ഹിന്ദി പരിഭാഷയ്ക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്.
അനിത സലീമാണ് സലീം ഖൗസിന്റെ ഭാര്യ.