Spread the love

സിനിമയിലേക്ക് നിവിൻ പോളി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് നടൻ സിജു വിൽസൺ. ഒരു പ്രേക്ഷകൻ അല്ലെങ്കിൽ ഒരു സുഹൃത്ത് എന്ന നിലയിൽ നിവിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന അവന്റെ പ്രകടനം കാണണമെന്ന് ആ​ഗ്രഹമുണ്ട്. അതിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നുവെന്നും സിജു വിൽസൺ പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു താരം. നിവിൻ പോളിക്കെതിരെയുണ്ടായ വ്യാജ ലൈം​ഗികാരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

“നിവിനെ കുറിച്ചുള്ള കാര്യങ്ങളൊക്കെ വാർത്തകളിലൂടെയാണ് ഞാൻ അറിഞ്ഞത്. നേരിട്ട് കാണാൻ പറ്റിയിട്ടില്ല. എല്ലാവരും അവരുടെ തിരക്കുകളിലാണ്. ഇടയ്‌ക്ക് ഫോൺ വിളിച്ച് സംസാരിക്കാറുണ്ട്. പൊതുപരിപാടികളിലൊന്നും നിവിൻ ഇപ്പോൾ പങ്കെടുക്കാറില്ല. അതുകൊണ്ട് ആളെ കാണാൻ കിട്ടുന്നില്ല. ആ പ്രശ്നങ്ങളെല്ലാം സോൾവായല്ലോ. അതൊരു ഫേക്ക് പരാതിയാണെന്ന് തെളിഞ്ഞു. കുറ്റം ചെയ്യാത്തൊരു ആളെ കുറിച്ച് ഒരു വാർത്ത കേട്ടാൽ പത്ത് പേരിൽ നാല് പേർ അത് വിശ്വസിക്കും. പക്ഷേ, അത് ഫേക്കാണെന്ന് തെളിഞ്ഞാലും അത് പലരും അറിയാതെ പോകുന്നു.

വ്യാജ ആരോപണമാണെന്ന് എല്ലാവർക്കും മനസിലായല്ലോ. ഫേക്ക് പരാതിയാണെങ്കിലും കുറ്റം ചെയ്ത വ്യക്തി പോകുന്നത് പോലെ അതേ വഴിയിൽ തന്നെയാണ് കുറ്റം ചെയ്യാത്തയാളും പോകേണ്ടത്. അതിന് വേണ്ട എല്ലാ വിശദീകരണങ്ങളും നൽകേണ്ടതുണ്ട്. തെറ്റാണെന്ന് തെളിയിക്കുന്നത് വരെ മുന്നോട്ട് പോകേണ്ടിവരും. ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ എന്നോട് പോലും പലരും ചോദിക്കാറുണ്ട്’- സിജു വിൽസൺ പറഞ്ഞു.

നിവിൻ പോളിയും കാർത്തിക് സുബ്ബരാജും ഒരുമിക്കുന്ന ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിനെ കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു സിനിമ വരികയാണെങ്കിൽ മാസാകുമെന്നുമായിരുന്നു സിജു വിൽസന്റെ മറുപടി.

Leave a Reply