പരസ്പര പ്രണയത്തിൽ ആകുന്ന സിനിമാതാരങ്ങളും വിവാഹിതരാകുന്ന സിനിമ താരങ്ങളും നമ്മൾക്ക് പരിചിതമായ കാര്യമാണ്. രണ്ടും അഞ്ചും വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും ശേഷം പലരും വേർപിരിയുകയും ചെയ്യും. ഇവിടെയാണ് ആരാധകർക്കും പൊതുസമൂഹത്തിനും നടൻ സൂര്യയും നടി ജ്യോതികയും നല്ല മാതൃകയാകുന്നത്.
പരസ്പരം മനസ്സിലാക്കിയും സ്നേഹത്തോടെ ചേർത്തുപിടിച്ചും രണ്ടു കുട്ടികളുമൊക്കെയായി മുന്നേറുന്ന ഇരുവരുടെയും ദാമ്പത്യത്തെ പല കുറി പലരും പുകഴ്ത്തിയിട്ടുണ്ട്. പൊതുവേദികളിൽ ഉൾപ്പെടെ പരസ്പരം ഇരുവരും സ്നേഹത്തോടെ പുകഴ്ത്തുന്ന വീഡിയോ പലപ്പോഴും താരത്തിന്റെ ആരാധകർ വൈറലാക്കാറുമുണ്ട്. ഇപ്പോഴിതാ ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും താൻ മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞു രംഗത്ത് തീരുകയാണ് നടൻ സൂര്യ.
18ാം വയസ്സിൽ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നു. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ പറയുന്നു. എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും സൂര്യ പറയുന്നു.
ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അവളുടെ മാതാപിതാക്കളിൽ നിന്നും അവളുടെ ജീവിതശൈലിയിൽ നിന്നും അവൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നും അവളെ മാറ്റി നിർത്തുന്നതെന്തിനാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നമ്മൾ ഈ മാറ്റം വരുത്താൻ പോകുന്നത്? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്റെ ചിന്ത. സൂര്യ പറയുന്നു.