സിനിമ മേഖലയിലേയ്ക്ക് തിരിയാൻ തനിയ്ക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല എന്ന് തമിഴ്നടൻ സൂര്യ. പകരം വസ്ത്രം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്ക് പോയെന്നും അതിന് മാസവേതനമായി കിട്ടിയിരുന്നത് വെറും 736 രൂപയായിരുന്നെന്നും സൂര്യ പറഞ്ഞു. പുതിയ സിനിമ സുരൈ പോട്ര് തന്റെ ജീവിതവുമായി വളരെ സാമ്യമുള്ളതാണെന്നും അത് തന്റെ യൗവ്വന കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും പറഞ്ഞു.
‘പതിനെട്ട് വയസ്സ് തികഞ്ഞ സമയത്ത് ഇനി എന്ത് എന്ന ചിന്ത എല്ലാവരേയും പോലെ എന്നെയും വല്ലാതെ അലട്ടിയിരുന്നു. എന്താണ് ചെയ്യാൻ കഴിയുക, മുന്നോട്ട് എന്ത് വേണം തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. അച്ഛന്റെ പാത പിൻതുടർന്ന് സിനിമ മേഖലയിലേയ്ക്ക് തിരിയാൻ അക്കാലത്ത് എനിയ്ക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല.
ആ സമയത്താണ് വസ്ത്രം കയറ്റുമതിചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്കുപോകുന്നത്. ദിവസവും 18 മണിക്കൂർ ജോലി, എന്നാൽ മാസ വേതനമായി ലഭിച്ചത് 736 രൂപയും. അന്ന് തനിക്കൊപ്പം നിന്നത് തന്റെ മാതാപിതാക്കളാണ്. ഇന്ന് കുട്ടികൾക്ക് നഷ്ടമാകുന്നതും ഈ കൈത്താങ്ങാണ്. മാതാപിതാക്കൾ കുട്ടികളുടെ സുഹൃത്തുക്കളാവണം. കുട്ടികളും അച്ഛനമ്മമാരും തമ്മിൽ വളരെ മനോഹരമായ ബന്ധമാണ് ഉണ്ടാവേണ്ടത്. ഇന്ന് എല്ലാവരും ഫോണിലും കംപ്യൂട്ടറിലുമൊക്കെയാണ്. അങ്ങനെ അതിൽ മാത്രമായി ചുരുങ്ങാൻ പാടില്ല എന്നും സൂര്യ പറയുന്നു.
സൂരൈ പോട്രിലൂടെ ഞാൻ വീണ്ടും ആ കാലത്തിലൂടെ കടന്നുപോകുകയായിരുന്നു.’ എന്നും താരം പറയുന്നു. പുതിയ സിനിമ ‘സുരൈ പോട്ര്’ നവംബർ 12 ന് ആമസോൺ റിലീസിനൊരുങ്ങുകയാണ്. അതിനിടയിലാണ് താരം വിശേഷം പങ്കുവെച്ചത്. ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയാണ് സുരൈ പോട്ര്. ഈ ചിത്രം തനിയ്ക്ക് പുത്തൻ ഉണർവ്വ് നൽകി. മലയാളി താരം അപർണ്ണാ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായ് എത്തുന്നത്