തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി ഇക്കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വലിയ ഞെട്ടലോടെയായിരുന്നു തമിഴ് സിനിമാലോകവും താരത്തിന്റെ ആരാധകരും കണ്ടത്. രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് താരത്തിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി രംഗത്തെത്തിയത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വർഷങ്ങളായി ദുരുപയോഗം ചെയ്യുകയാണെന്നും യുവതി ഇപ്പോൾ റീഹാബിലാണെന്നും രമ്യ മോഹൻ പറയുന്നു. മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് രീതികൾ, ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ചുകൊണ്ട്, സിനിമാ മേഖലയിൽ ഒരു വിഷലിപ്തമായ സംസ്‌കാരം നിലനിർത്തുന്നതിൽ വിജയ് സേതുപതിക്ക് പങ്കുണ്ടെന്നും യുവതി പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.
‘കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ സമാനമായ പ്രചാരണങ്ങൾ നേരിട്ട തനിക്ക് ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ഇതാദ്യമായല്ല. ഇത്തരം ആരോപണങ്ങൾ തന്നെ ബാധിച്ചിട്ടില്ല, ഒരിക്കലും ബാധിക്കുകയുമില്ല. തന്നെ മനഃപ്പൂവ്വം ശ്രദ്ധാകേന്ദ്രമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. എന്നെ അറിയുന്നവര്‍ ഇതൊന്നും ഗൗരവമായി എടുക്കില്ല’.എന്നാൽ ആരോപണങ്ങള്‍ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിഷമിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ആരോപണം ഉന്നയിച്ച വ്യക്തിയുടെ ലക്ഷ്യം താല്‍ക്കാലിക പ്രശസ്തിയാണെന്നും നടൻ സൂചിപ്പിച്ചു. സൈബര്‍സെല്ലിൽ പരാതി നല്‍കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.









