ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിവേകിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലില്‍ ബ്ലോക്ക് നേരിട്ട അദ്ദേഹത്തെ ചെന്നൈ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിംഗ് ചെയ്യുകയും ചെയ്തു. ഇപ്പോഴും ECMO യന്ത്ര സഹായത്തോടെയാണ് വിവേക് ആശുപത്രിയില്‍ തുടരുന്നത്.
രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടത് കൊറോണറി ആര്‍ട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂര്‍ണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്. ഒരു മണിക്കൂറോളം എടുത്താണ് ഡോക്‌ടര്‍മാര്‍ ആ ബ്ലോക്ക് മാറ്റിയത്. വാക്സിന്‍ സ്വീകരിച്ചത് കൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. പരിശോധനയില്‍ വിവേക് കോവിഡ് നെഗറ്റീവ് ആണ്. ആശുപത്രിയില്‍ എത്തിക്കുമ്പോൾ വിവേകിന് മിതമായ രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു. മുന്‍പൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയില്‍ വന്നിരുന്നില്ല എന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.