പ്രശസ്ത ഹാസ്യതാരം വിവേകിന് ഹൃദയാഘാതം. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടൻ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരമാണെന്നാണ് റിപോർടുകൾ. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. വിവേകിനെ നിലവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ആൻജിയോഗ്രാമിന് വിധേയനാക്കിയിട്ടുണ്ട്. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.
വാക്‌സിനേഷൻ കഴിഞ്ഞയുടനെ താരം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഡോസ് എടുക്കാൻ അദ്ദേഹം അർഹരായ എല്ലാവരോടും അഭ്യർത്ഥിച്ചു. കൊറോണ വൈറസിൽ നിന്ന് സ്വയം സുരക്ഷിതരായിരിക്കാനുള്ള പൊതു സുരക്ഷാ നടപടികൾ മാസ്‌ക് ധരിക്കുക, കൈ കഴുകുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ്. സ്വയം പ്രതിരോധിക്കാനുള്ള മെഡിക്കൽ മാർഗം ഈ വാക്‌സിൻ ആണ്.
നിങ്ങൾ സിദ്ധ മരുന്നുകൾ, ആയുർവേദ മരുന്നുകൾ, വിറ്റാമിൻ-സി, സിങ്ക് ഗുളികകൾ തുടങ്ങിയവ എടുക്കുന്നുണ്ടാകാം. എന്നാൽ ഇവ അധിക നടപടികളാണ്. വാക്‌സിൻ മാത്രമാണ് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത്. വാക്‌സിനേഷൻ ലഭിച്ച ആളുകൾക്ക് കോവിഡ് ഉണ്ടാകുന്നില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അത് അങ്ങനെയല്ല. കോവിഡ് 19 നിങ്ങളെ ബാധിച്ചാലും മരണം സംഭവിക്കില്ല, എന്നും താരം പറഞ്ഞിരുന്നു.
ട്വിറ്ററിൽ സജീവമായ വിവേക്, താൻ വാക്‌സിൻ സ്വീകരിച്ച ചെന്നൈയിലെ ഒമാൻദരാർആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും നന്ദിയും പറഞ്ഞു.മൂന്ന് തവണ തമിഴ്‌നാട് സർകാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയിരുന്നു. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.