പ്രാര്‍ത്ഥനകള്‍ എല്ലാം വിഫലമായി, തമിഴ് നടന്‍ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. വിവേകാനന്ദന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയാഘാതത്തെ തുടര്‍ന്ന ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. രാവിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും. അതിനാല്‍ തന്നെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്.
ഇന്നലെ മുതല്‍ തമിഴ് സിനിമ ലോകം അദ്ദേഹത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ഇന്നലെ വൈകുന്നേരം എത്തിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വിവേകിന്റെ നില അതി ഗുരുതരമെന്നായിരുന്നു. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. ഇത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ടാവണമെന്നില്ലും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.