മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ, മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ സുഖംപ്രാപിച്ചു വരികയാണ്. സോഷ്യൽ മീഡിയയിലടക്കം താരത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ സജീവമാണ്.
ഇപ്പോഴിതാ, സെയ്ഫ് അലീ ഖാന്റെ ഇൻഷുറൻസ് വിരങ്ങൾ സംബന്ധിച്ച കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. എക്സിൽ പ്രചരിക്കുന്ന രേഖകളിൽ നടന്റെ ചികിത്സാ ചെലവുകളും ഡിസ്ചാർജ് തീയതിയും അടക്കമുള്ള വിവരങ്ങളുണ്ട്.
35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമായി നടൻ ഫയൽ ചെയ്ത്. നിലവിൽ 25 ലക്ഷം രൂപ അംഗീകരിച്ചിട്ടുണ്ട്. ഫൈനൽ ബില്ല് സമർപ്പിക്കുന്നത് അനുസരിച്ച് ബാക്കിയുള്ള തുക അനുവദിക്കുമെന്ന് സംഭവം സ്ഥിരീകരിച്ച് നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഡിസ്ചാർജ് തീയതി ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ചോർന്നതിൽ വ്യാപക വിമർശനവും ഉയരുന്നുണ്ട്. അതേസമയം, സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തെങ്കിലും നിരീക്ഷണത്തിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.