നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.