Spread the love

10 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് നടി അർച്ചന കവി. ടൊവിനോ, തൃഷ, വിനയ് റായ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖിൽ പോൾ ഒരുക്കുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം അറിയിച്ചത്.

താരത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം

ബി​ഗ് സ്ക്രീനിൽ തന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. “ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ആ സിനിമയോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. വിഷാദവുമായി ഞാൻ പോരാടുന്ന സമയം. ആ സമയത്താണ് സംവിധായകൻ അഖിൽ പോൾ ജീവിതത്തിലേക്ക് വന്നത്”.

“നല്ലൊരു സുഹൃത്തായി അദ്ദേഹം എന്നോടൊപ്പം നിന്നു. മരുന്നുകൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടെന്ന് അദ്ദേഹവും ഉറപ്പുവരുത്തി. എന്നാൽ ഷൂട്ട് ചെയ്യുന്ന ഒരു സമയത്ത് പോലും എനിക്ക് രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ല. മുമ്പത്തേക്കാൾ എന്റെ ആരോ​ഗ്യസ്ഥി ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. പ്രസവമുറിയിൽ ടെൻഷനായി നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് എനിക്ക് ഇപ്പോൾ. നീലത്താമരയ്‌ക്ക് ശേഷം സിനിമ കാണാൻ എന്റെ അച്ഛനും അമ്മയും കേരളത്തിലേക്ക് വരികയാണ്. ഒരു പുനർജന്മം പോലെ തോന്നുന്നു”

Leave a Reply