നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.പൾസർ സുനിക്കു ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമാണു പൾസർ സുനി വാദിച്ചത്. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു.2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.