നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച സമര്‍പ്പിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. കേസിലെ തെളിവുകള്‍ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകളാണ് നടനെതിരെ ചുമത്തുക. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം മൂന്നാഴ്ച കൂടി സമയം തേടിയിരുന്നു. ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ അന്തിമ റിപ്പോര്‍ട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചത്. 1500 പേജുള്ള കുറ്റപത്രത്തില്‍ 100 പുതിയ സാക്ഷികളുണ്ട്.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് സംവിധായകന്‍ പി.ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജനുവരിയില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ദിലീപിനെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന (ഹാഷ് വാല്യു) മാറിയതായും കണ്ടെത്തി. ഈ രണ്ടു കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം മതിയാവില്ലെന്നു കാട്ടിയാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.