നടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ദിലീപിന് നോട്ടീസ്. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടി വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ഇതിനെതിരെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.