
ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് (Cochin Port Trust) ജീവനക്കാരന്‍ മരിച്ചു. വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം ബാബുരാജ് (52) ആണ് മരിച്ചു. ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും (Bindu Panicker) ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം.
രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച് ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്.