ഇന്ത്യയുടെ അഭിമാനമായി കാൻ ചലച്ചിത്രമേളയിൽ എത്തിയ ചിത്രമായിരുന്നു സംവിധായക പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. മുംബൈയിലെ മലയാളി നഴ്സുമാരുടെ കഥപറഞ്ഞ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ദിവ്യപ്രഭയും കനികുസൃതിയുമായിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഇക്കഴിഞ്ഞ ദിവസം ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രം സാധാരണക്കാരിലേക്ക് എത്തിയതിനു പിന്നാലെ വലിയ വിമർശനമാണ് നടിമാർക്കെതിരെ ഉയരുന്നത്. കഥ ആവശ്യപ്പെടുന്ന നഗ്‌നതയാണ് സിനിമയിൽ കാണിച്ചിട്ടുള്ളതെങ്കിലും മലയാളികളുടെ കുറ്റപ്പെടുത്തൽ അതിരുവിടുകയാണ്.
ദിവ്യപ്രഭയ്‌ക്കെതിരെയാണ് കൂടുതലും വിമർശന കമെന്റുകൾ എത്തുന്നത്. ദിവ്യപ്രഭയുടെ ‘ക്ലിപ്പ് എവിടെ’, ‘ഇതുപോലെ ഒരു തുണ്ടു പടത്തിനാണോ ഇത്രയും അംഗീകാരങ്ങൾ’, ‘കാൻ ചലച്ചിത്രമേളയിൽ ഇരിക്കുന്നവർ നഗ്നതയ്ക്ക് ആണോ മാർക്ക് ഇട്ടത്’ എന്നിങ്ങനെ പോകുന്നു മലയാളികളുടെ കമെന്റുകൾ. നടിയെന്ന നിലയിലുള്ള ദിവ്യപ്രഭയുടെ മികവോ പോരായ്മകളോ അല്ല ചർച്ച ചെയ്യപ്പെടുന്നത്, മറിച്ച് സിനിമയിൽ കണ്ട നടിയുടെ മാറും നഗ്‌നതയുമാണ്. ചിത്രത്തിലെ ഈ ഭാഗം മാത്രം തിയേറ്ററിൽ നിന്ന് പകർത്തപ്പെടുകയും ചില സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയുമാണിപ്പോൾ.
അതേസമയം അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെ യശ്ശസുയർത്തിയ ഒരു ചിത്രത്തെ കലാസമൂഹത്തെ മൊത്തത്തിൽ നിരാശയിലാക്കി മലയാളികൾ കടന്നാക്രമിക്കുന്നതിൽ പ്രതികരിച്ച് ദിവ്യപ്രഭ തന്നെ രംഗത്തെത്തി. എത്രമാത്രം നാം പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളിലേക്ക് എത്താൻ സമയമെടുക്കും, സിനിമ തിയേറ്ററിൽ റിലീസായപ്പോൾ ഇതുമാത്രം ചർച്ചയാകുന്നത് കഷ്ടമായി തോന്നിയെന്നാണ് ദിവ്യപ്രഭ പ്രതികരിച്ചത്.
ഇതുപ്രതീക്ഷിച്ചതാണ്, അതുകൊണ്ട് നിരാശ തോന്നിയില്ല, മലയാളികളുടെ ഭാഗത്ത് നിന്നായതിനാൽ പുതിയ കാര്യമായും തോന്നുന്നില്ല. സിനിമ സംസാരിക്കുന്ന മറ്റ് വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കാതെ ഈയൊരു കാര്യം മാത്രം ചർച്ചയാകുന്നത് കഷ്ടമാണ്. സെൻസിബിളായ പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായം കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു