കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പോലീസ് തിരയുകയാണ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മി മേനോനൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. ലക്ഷ്മി മേനോനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. അതേസമയം, നടി ഒളിവിലാണെന്ന വിവരവും പോലീസ് നല്‍കുന്നുണ്ട്.
മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി സിനിമകള്‍ ചെയ്തുവരുന്ന നടിയാണ് ലക്ഷ്മി മേനോന്‍. വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. 2012-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സുന്ദരപാണ്ഡ്യനി’ലൂടെ നായകനടിയായി. ‘കുംകി’യാണ് ലക്ഷ്മിയെ ശ്രദ്ധേയയാക്കിയ ചിത്രം. ‘കുംകി’യിലേയും ‘സുന്ദരപാണ്ഡ്യനി’ലേയും അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.









