Spread the love

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി നടി ലക്ഷ്മിപ്രിയ. ചുറ്റിലുമുള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണമെന്ന് വാശിപിടിക്കരുതെന്ന് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞദിവസം ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലോകത്തെ മികച്ച അഭിനേതാവിന് നല്‍കാവുന്ന സകല പുരസ്‌കാരങ്ങളും മോഹന്‍ലാലിന്റെ കാല്‍ച്ചുവട്ടില്‍വെച്ചു നമസ്‌കരിച്ചാലും അതില്‍ അതിശയോക്തിയില്ലെന്ന് ലക്ഷ്മിപ്രിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുതുടര്‍ച്ചയായി പങ്കുവെച്ച ഒരു അനുഭവമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഹൊഗ്ഗനക്കലിലെ കാട്ടില്‍ മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖംപോലും താനെടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ കുറിച്ചത്. ‘നരന്‍’ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചത്.

‘അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്’, എന്ന വാക്കുകളിലാണ് ലക്ഷ്മിപ്രിയയുടെ പുതിയ കുറിപ്പ് ആരംഭിച്ചത്. ‘എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ…. അതിനവരെ അനുവദിക്കൂ’, ലക്ഷ്മിപ്രിയ കുറിച്ചു.

ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റില്‍ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വര്‍ഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ല്‍ ആണ്. 1989 ല്‍ ആണ് കിരീടം. വരവേല്പ്പും ആ വര്‍ഷം തന്നെയാണ്. അതിനും മുന്‍പേ 1986 ല്‍ ആണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986 ല്‍. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തില്‍ ആണ്.

പിന്നെയും വര്‍ഷങ്ങളും, ഓരോ വര്‍ഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താല്‍ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും.എത്ര എത്ര വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോര്‍ഡുകള്‍ ആണ് അതെല്ലാം…. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സില്‍ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താല്‍ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.

മോഹന്‍ലാല്‍ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കില്‍ ഓസ്‌കാര്‍ അവാര്‍ഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടാകുമായിരുന്നു? ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങള്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും. സര്‍വ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയില്‍ ഞാനുമുണ്ട് എന്നതിലും.

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ…. അതിനവരെ അനുവദിക്കൂ.

ഹൃദയപൂര്‍വ്വം ലക്ഷ്മിപ്രിയ.

Leave a Reply