കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ പെട്ടന്നുണ്ടായ മരണത്തില്‍ തളര്‍ന്നുപോയ കുടുംബത്തെ തേടിയെത്തിയ ആശ്വാസ വാര്‍ത്തയായിരുന്നു കുഞ്ഞിന്റെ ജനനം. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയുണ്ടായി . ഇപ്പോള്‍ ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് മേഘ്ന സംസാരിക്കുകയാണ്.
ചിരുവിന്റെ വേര്‍പാട് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും മേഘ്ന പറയുകയുണ്ടായി. “ഞാന്‍ ശക്തയാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഞാന്‍ ശക്തയാണെന്ന് പലരും പറയുന്നു. നിന്നിരുന്നിടം ഇളകി പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേര്‍പാട്. ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാന്‍. അതിന് വിപരീതമായിരുന്നു ചിരു. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയാണ് ചിരുവിന്റെ രീതി. അദ്ദേഹത്തിന്റെ മരണശേഷമാണ് എനിക്ക് ആ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആര്‍ക്കും അറിയില്ലല്ലോ?”, മേഘ്ന പറഞ്ഞു.
ചിരുവിനെ പോലെയാണ് മകനെന്നും ലയണ്‍കിങിലെ സിംബയെപ്പോലെ കുട്ടിയെ വളര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും മേഘ്ന ഓര്‍ത്തെടുത്തു. നമ്മുടെ കുഞ്ഞ് ജനിക്കുമ്ബോള്‍ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുമെന്ന് അന്ന് ചിരു പറഞ്ഞു. എന്നാല്‍ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയായെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു.
“വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ കുഞ്ഞ് എനിക്കുണ്ട്. ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും അവനിലൂടെ നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ മകനെയും ഞാന്‍ വളര്‍ത്തും. അഭിനയം എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഉറപ്പായും ഞാന്‍ തിരിച്ചുവരും”, മേഘ്‌ന അറിയിച്ചു.